മനാമ: ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) വനിതാ വിഭാഗത്തിന്റെയും കുട്ടികളുടെ വിഭാഗത്തിന്റെയും പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് നടന്നു.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ ലേഡീസ് വിംഗിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തനോദ്ഘാടനം സിനി ആർട്ടിസ്റ്റ് ജയ മേനോൻ നിർവ്വഹിച്ചു. സ്ത്രീ ശാക്തീകരണ രംഗത്ത് മാതൃകകളായ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് ലേഡീസ് വിംഗ് വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ് പറഞ്ഞു.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ: ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ജനറൽ സെക്രട്ടറി മേരി ജെയിംസ്, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് ഷാർവിൻ ഷൈജു, ജനറൽ സെക്രട്ടറി ജെയിൻ ലൈജു എന്നിവർ തങ്ങളുടെ പുതിയ പ്രവർത്തന പദ്ധതികളെക്കുറിച്ച് സംസാരിച്ചു.
പോർഷെ ബഹ്‌റൈൻ വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയ ജയ മേനോനെ സിംസ് ലേഡീസ് വിംഗിന് വേണ്ടി പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ പൊന്നാട അണിയിച്ച് ആദരിച്ചു.
ലേഡീസ് വിംഗ് ട്രഷറർ സുനു ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ്സി സണ്ണി, അൽവീനിയ ക്ലിറ്റിൻ, ഐശ്വര്യ ജോസഫ്, ഷാന്റി ജെയിംസ്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ലിജി ജോസ് എന്നിവർ ചിൽഡ്രൻസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിറ്റി റോയ്, ജെന്നിഫർ ജീവൻ എന്നിവരായിരുന്നു അവതാരകർ. സിംസ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജെയ്സൺ മഞ്ഞളി, സിബു ജോർജ്, സോബിൻ ജോസ്, പ്രേംജി ജോൺ എന്നിവർ പ്രോഗ്രാമിന് മേൽനോട്ടം വഹിച്ചു.









