മനാമ: ബഹ്‌റൈനിലെ സർക്കാർ കെട്ടിടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് ഷൂറ കൗൺസിൽ അംഗീകാരം നൽകി. 1973-ലെ പരസ്യ നിയന്ത്രണ നിയമത്തിലാണ് കൗൺസിൽ ഭേദഗതി വരുത്തിയത്. ഇതോടെ മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും തങ്ങളുടെ കെട്ടിടങ്ങളിലെ ഒഴിഞ്ഞ ഇടങ്ങൾ പരസ്യങ്ങൾക്കായി പാട്ടത്തിന് നൽകി വരുമാനം കണ്ടെത്താൻ സാധിക്കും.
നഗരങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയൊരു പരസ്യ വിപണി തുറക്കാനും ഈ നീക്കം സഹായിക്കുമെന്ന് മുൻസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വാഈൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. എന്നാൽ സർക്കാർ കെട്ടിടങ്ങളുടെ ഗാംഭീര്യവും ഔദ്യോഗിക സ്വഭാവവും നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം പരസ്യങ്ങൾ നൽകേണ്ടതെന്ന് ഷൂറ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജന താൽപ്പര്യത്തിനും കെട്ടിടങ്ങളുടെ തനിമയ്ക്കും കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരസ്യങ്ങൾ സ്ഥാപിക്കേണ്ടത്. ഇതിനായുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട മന്ത്രാലയം പുറപ്പെടുവിക്കും. പരസ്യങ്ങൾ അനുവദിക്കുന്നത് വഴി സർക്കാരിലേക്ക് കൂടുതൽ വരുമാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂറ കൗൺസിൽ പാസാക്കിയ ഈ ബിൽ ഇനി പാർലമെന്റ് സ്പീക്കർ വഴി പ്രധാനമന്ത്രിക്കും തുടർന്ന് രാജാവിനും സമർപ്പിക്കും.









