മനാമ: ബഹ്‌റൈനിലെ ഭക്ഷണപ്രേമികളുടെ ജനപ്രിയ കൂട്ടായ്മയായ ‘ബഹ്‌റൈൻ ഫുഡ് ലവേഴ്‌സ്’ സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് കോമ്പറ്റീഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും അംഗങ്ങളുടെ ഒത്തുചേരലും നടന്നു. ഗുദൈബിയ അന്ദലുസ് ഗാർഡനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഗ്രൂപ്പ് അഡ്മിന്മാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഓൺലൈനായി നടത്തിയ മത്സരത്തിൽ സൂര്യ രാജേഷ് ഒന്നാം സമ്മാനം കരസ്ഥമാക്കി. സലീന റാഫി രണ്ടാം സ്ഥാനവും, രമണി മാരാർ, നസ്‌റീൻ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. ലുലു ഗ്രൂപ്പ് പ്രശസ്ത ഷെഫ് സുരേഷ് നായർ, സിജി ബിനു എന്നിവരായിരുന്നു വിധിനിർണ്ണയം നടത്തിയത്.
അഡ്മിന്മാരായ ഷജിൽ ആലക്കൽ, വിഷ്ണു സോമൻ, രശ്മി അനൂപ്, നിമ്മി റോഷൻ, സീർഷ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വരുംകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ നടന്നു. പരിപാടിയുടെ വിജയത്തിന് സഹകരിച്ച സ്പോൺസർമാരായ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ്, മോക്ഷ, ഡെലിസ്റ്റോ എന്നിവർക്കും പങ്കെടുത്തവർക്കും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി രേഖപ്പെടുത്തി.









