മനാമ: ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ സാംസ്‌കാരിക സംഘടനയായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ (കെ.ഡി.പി.എ) പതിനഞ്ചാം വാർഷികാഘോഷം ‘കോഴിക്കോട് ഫെസ്റ്റ് – 2k26’ ജനുവരി 23-ന് നടക്കും. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മണി മുതൽ രാത്രി 11 വരെയാണ് വിപുലമായ കലാപരിപാടികളോടെ ആഘോഷം അരങ്ങേറുന്നത്.
ഓറ ആർട്‌സിന്റെ ബാനറിൽ ഒരുക്കുന്ന മെഗാ ഷോയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർ മാജിക് താരവുമായ ഷാഫി കൊല്ലം മുഖ്യാതിഥിയാകും. ഐഡിയ സ്റ്റാർ സിംഗർ താരങ്ങളായ വിജിത, മിഥുൻ മുരളീധരൻ, പിന്നണി ഗായിക സ്മിത എന്നിവർ നയിക്കുന്ന ഗാനമേളയും അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. പ്രശസ്ത സ്റ്റേജ് ഷോ സംവിധായകൻ മനോജ് മയ്യന്നൂരാണ് പരിപാടിയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
വാർഷികാഘോഷങ്ങളുടെ വിജയത്തിനായി ഇ.വി. രാജീവൻ ചെയർമാനും അനിൽ യു.കെ ജനറൽ കൺവീനറുമായുള്ള 101 അംഗ സ്വാഗതസംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. പ്രവേശനം തികച്ചും സലൗന്യമായ ഈ കലാവിരുന്നിലേക്ക് ബഹ്‌റൈനിലെ മുഴുവൻ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജ്യോതിഷ് പണിക്കർ, സെക്രട്ടറി ജോജീഷ്, ട്രഷറർ റിഷാദ് കോഴിക്കോട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മറ്റു ഭാരവാഹികളായ സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞാലിയോട്, ജോണി താമരശ്ശേരി, ബിനിൽ, സുബീഷ്, അജിത്ത് കണ്ണൂർ, സെയെദ് ഹനീഫ്, അബ്ബാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.









