മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗാര്‍ഹിക പീഡന റിപ്പോര്‍ട്ടുകള്‍ 49 ശതമാനം കുറഞ്ഞുവെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി അല്‍ ബുഐനൈന്‍ പറഞ്ഞു. ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗാര്‍ഹിക പീഡന കേസുകള്‍ 2025 ല്‍ 1,412 ആയി കുറഞ്ഞു. 2024 ല്‍ 2,770 കേസുകള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ബഹ്റൈനിലെ ജയിലുകളിലെ മൊത്തം തടവുകാരില്‍ മൂന്നിലൊന്ന് വിദേശികള്‍ ആണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ആകെയുള്ള 1,356 തടവുകാരില്‍ 436 പേരാണ് വിദേശികള്‍. ബദല്‍ ശിക്ഷകള്‍ ലഭിക്കുന്ന വ്യക്തികളില്‍ 40 ശതമാനവും പ്രവാസികളാണ്. 2,411 കേസുകളില്‍ 1,038 എണ്ണം.
ഈദ് അല്‍ ഫിത്തര്‍, ഈദ് അല്‍ അദ്ഹ, ദേശീയ ദിനം എന്നിവയോടനുബന്ധിച്ച് രാജാവ് ഹമദ് നല്‍കിയ രാജകീയ മാപ്പിലൂടെ കഴിഞ്ഞ വര്‍ഷം ആകെ 1,246 വ്യക്തികള്‍ ജയില്‍ മോചിതരായി.
ഡിപ്ലോമാറ്റിക് ഏരിയയിലെ പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനത്ത് ജുഡീഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ മേധാവി ഡോ. അഹമ്മദ് അല്‍ ഹമാദിയുടെയും അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഡോ. വെയ്ല്‍ ബുഹല്ലെയുടെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ഷിക മാധ്യമ സമ്മേളനത്തിലാണ് അറ്റോര്‍ണി ജനറല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.









