മനാമ: 2025 ലും 2026 ജനുവരി 1 മുതല്‍ 10 വരെയുള്ള കാലയളവിലുമായി 5,286 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 2025 ല്‍ അതോറിറ്റി 59,337 പരിശോധനാ സന്ദര്‍ശനങ്ങളും 863 സംയുക്ത പരിശോധനാ കാമ്പെയ്നുകളും നടത്തി. താമസ, തൊഴില്‍ നിയമം ലംഘിച്ച 960 പേരെ പരിശോധനകളില്‍ കണ്ടെത്തി.
2026 ജനുവരി 11 നും 17 നും ഇടയില്‍ മാത്രം അതോറിറ്റി 850 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളും നടത്തി. 11 നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുകയും 150 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള പരിശോധനകള്‍ ശക്തമാക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനം തുടരുമെന്ന് അതോറിറ്റി പറഞ്ഞു. തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ ആയ ലംഘനങ്ങള്‍ തടയുക എന്നതാണ് ലക്ഷ്യമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.









