മനാമ: രാജ്യത്തെ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒരു ലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ ബഹ്‌റൈൻ തീരക്കടലിൽ തുറന്നുവിടും. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ (SCE) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ വർഷത്തെ ‘ഫിഷ് റിലീസ്’ സീസണിന് കഴിഞ്ഞ ദിവസം തുടക്കമായി.
എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ ഘട്ടം ഘട്ടമായാണ് മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടുക. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം തിരഞ്ഞെടുത്ത പ്രത്യേക കേന്ദ്രങ്ങളിലാണ് ഇവയെ നിക്ഷേപിക്കുന്നത്.
മത്സ്യക്കുഞ്ഞുങ്ങൾക്ക് വളരാനും ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനും ആവശ്യമായ സ്വാഭാവിക സാഹചര്യങ്ങൾ ഉറപ്പാക്കിയാണ് ഈ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. മൊത്തം മൂന്ന് ഘട്ടങ്ങളിലായാണ് ആദ്യ ബാച്ച് മത്സ്യങ്ങളെ കടലിൽ വിട്ടത്. നാഷണൽ മാരികൾച്ചർ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക വിപണിയിൽ ഏറെ ഡിമാന്റുള്ള മത്സ്യങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനും കടലിലെ സ്വാഭാവിക മത്സ്യസമ്പത്തിൻ്റെ മേലുള്ള സമ്മർദ്ദം കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









