മനാമ: കിംഗ് ഹമദ് കാര്‍ഷിക പുരസ്‌ക്കാരത്തിന്റെ ആറാം പതിപ്പ് പ്രഖ്യാപിച്ചു. ബഹ്റൈനിലുടനീളമുള്ള കര്‍ഷകര്‍ക്കും, നൂതനാശയക്കാര്‍ക്കും, ഗവേഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാം. 10,000 ദിനാര്‍ വരെയുള്ള ക്യാഷ് പ്രൈസുകള്‍ വിജയികള്‍ക്ക് നല്‍കും.
ബഹ്റൈന്‍ സാമ്പത്തിക ദര്‍ശനം 2030 ന് അനുസൃതമായി പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുക, സുസ്ഥിര രീതികളും പദ്ധതികളും പ്രോത്സാഹിപ്പിക്കുക, മേഖലയിലെ ഗവേഷണം മെച്ചപ്പെടുത്തുക എന്നിവയാണ് കിംഗ് ഹമദ് കാര്‍ഷിക വികസന പുരസ്‌ക്കാരത്തിന്റെ ആറാം പതിപ്പിന്റെ ലക്ഷ്യം.
രാജാവിന്റെ പത്‌നിയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റുമായ ഹിസ് മജസ്റ്റി രാജകുമാരി സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രഖ്യാപനം നടന്നത്. നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെ വെബ്‌സൈറ്റ് (www.niadbh.com) വഴി പുരസ്‌ക്കാരത്തിനായി അപേക്ഷിക്കാം.
മികച്ച കാര്‍ഷിക പദ്ധതി വിഭാഗത്തിനുള്ള അപേക്ഷാ കാലയളവ് ജനുവരി മുതല്‍ മെയ് വരെയാണ്. മികച്ച ബഹ്റൈന്‍ കര്‍ഷകനുള്ള അപേക്ഷകള്‍ ജനുവരിയില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. മികച്ച കാര്‍ഷിക പഠന ഗവേഷണ വിഭാഗത്തിനുള്ള അപേക്ഷകള്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ നല്‍കാം.









