മനാമ: ബഹ്‌റൈനിൽ പ്രവാസികൾക്ക് നൽകുന്ന തിരിച്ചറിയൽ രേഖയുടെ (സി.പി.ആർ/ഐ.ഡി കാർഡ്) കാലാവധി അവരുടെ റെസിഡൻസി പെർമിറ്റിന്റെ (താമസരേഖ) കാലാവധിക്ക് തുല്യമാക്കാനുള്ള നിയമ ഭേദഗതി പാർലമെന്റിൽ ഭൂരിപക്ഷത്തോടെ പാസായി. സർക്കാർ പ്രതിനിധികളുടെയും പാർലമെന്ററി സമിതിയുടെയും ശക്തമായ എതിർപ്പുകൾക്കിടയിലാണ് ജനപ്രതിനിധി സഭ (എം.പിമാർ) ഈ നിർണ്ണായക തീരുമാനമെടുത്തത്.
2006-ലെ തിരിച്ചറിയൽ കാർഡ് നിയമത്തിലെ മൂന്നാം വകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. ഇതനുസരിച്ച് ഒരു പ്രവാസിക്ക് ബഹ്‌റൈനിൽ നിയമപരമായി താമസിക്കാൻ എത്ര കാലമാണോ അനുമതിയുള്ളത്, അത്രയും കാലം മാത്രമേ ഐ.ഡി കാർഡിനും കാലാവധി ഉണ്ടായിരിക്കുകയുള്ളൂ. താമസരേഖയുടെ കാലാവധി കഴിഞ്ഞും ഐ.ഡി കാർഡുകൾ ഉപയോഗിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കുമെന്ന് എം.പിമാർ വിലയിരുത്തി.
ഗവൺമെന്റും പാർലമെന്റിലെ വിദേശകാര്യ-പ്രതിരോധ-ദേശീയ സുരക്ഷാ സമിതിയും ഈ ഭേദഗതിയെ എതിർത്തിരുന്നു. നിലവിലെ സംവിധാനം മതിയായതാണെന്നും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ നീക്കം ഉപകരിക്കുമെന്ന് ഭൂരിഭാഗം എം.പിമാരും അഭിപ്രായപ്പെട്ടു. പാർലമെന്റ് അംഗീകരിച്ച ഈ നിയമ നിർദ്ദേശം അന്തിമ തീരുമാനത്തിനായി ഷൂറ കൗൺസിലിന് കൈമാറി.









