മനാമ: നാല് പതിറ്റാണ്ടുകാലത്തെ ബഹ്‌റൈൻ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ സിറ്റി സ്വദേശി റഫീഖ് അഹമ്മദിന് ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ മർകസ് ആലിയയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ റഫീഖ് അഹമ്മദിന്റെ മകൾ ഹാഫിളത് നജ്ദ റഫീഖിനെ ആദരിക്കുകയും ചെയ്തു.
മറ്റുള്ളവരുടെ പ്രയാസങ്ങളിൽ തണലാകാനും കരുണ കാണിക്കാനും കഴിയുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നതെന്ന് മറുപടി പ്രസംഗത്തിൽ റഫീഖ് അഹമ്മദ് പറഞ്ഞു. “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും” എന്ന പ്രവാചക വചനം ഉദ്ധരിച്ച അദ്ദേഹം, മക്കൾക്ക് മികച്ച മത-ഭൗതിക വിദ്യാഭ്യാസം നൽകി നല്ല പൗരന്മാരായി വളർത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേർത്തു.
സാമൂഹിക പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, നൂർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ റഫീഖ് അഹമ്മദിനും, വനിതാ വിംഗ് അഡ്മിന്മാർ നജ്ദ റഫീഖിനും ഉപഹാരങ്ങൾ കൈമാറി. റയീസ് എം.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ നസീർ പി.കെ സ്വാഗതവും ഫൈസൂഖ് ചാക്കാൻ നന്ദിയും പറഞ്ഞു.









