മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘വോയിസ് ഓഫ് ആലപ്പി’യുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന “സ്നേഹദൂത്” എന്ന് പേരിട്ട ആഘോഷ പരിപാടിയിൽ നൂറിലധികം കുടുംബാംഗങ്ങളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വോയിസ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. റവ. ഫാദർ അനീഷ് സാമുവൽ ജോൺ ക്രിസ്മസ് സന്ദേശം നൽകി. ജീവിക്കുന്ന കാലത്തും സമൂഹത്തിലും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ജീവിതം വിനിയോഗിക്കുന്നതിലാണ് യഥാർത്ഥ അർത്ഥമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.
രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. നിരാശ്രരായ രോഗികൾക്കായി വർഷങ്ങളായി സേവനം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സാബു ചിറമേൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥികളെ സംഘടന പൊന്നാട അണിയിച്ച് ആദരിച്ചു. കോർഡിനേറ്റർ ഗോകുൽ മുഹറഖ് ആശംസകൾ നേർന്നു. എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കുട്ടികളുടെ നൃത്തങ്ങളും പ്രമുഖ കലാകാരന്മാർ അണിനിരന്ന സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവസമൃദ്ധമായ സദ്യയോടെയാണ് പരിപാടികൾ അവസാനിച്ചത്.









