മനാമ: ബഹ്‌റൈന്റെ ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ആകർഷണമായ ‘ഓട്ടം ഫെയർ’ 36-ാം പതിപ്പിന് സാഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫർ അൽ സൈറാഫി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനുവരി 22 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളിൽ നിന്നായി അറുന്നൂറോളം പ്രദർശകരാണ് പങ്കെടുക്കുന്നത്.

മേളയുടെ തുടർച്ചയായ വിജയം അന്താരാഷ്ട്ര എക്സിബിഷൻ ഭൂപടത്തിൽ ബഹ്‌റൈനുള്ള കരുത്തുറ്റ സ്ഥാനമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശങ്ങളും ഈ മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു. റീട്ടെയിൽ, ട്രാൻസ്‌പോർട്ട്, ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ മേളയെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തവണ മാലി, കെനിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ സാന്നിധ്യം മേളയ്ക്ക് പുതുമ നൽകുന്നു. തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പെർഫ്യൂമുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് മേളയിൽ അണിനിരന്നിരിക്കുന്നത്. കുടുംബങ്ങൾക്കായി പ്രത്യേക വിനോദ പരിപാടികൾ, ഇലക്ട്രോണിക് ഗെയിമിംഗ് സോൺ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ എന്നിവയും മേളയുടെ ഭാഗമാണ്.
പ്രവേശന വിവരം:
-
തിയതി: ജനുവരി 22 മുതൽ 31 വരെ.
-
സമയം: രാവിലെ 10:00 മുതൽ രാത്രി 10:00 വരെ.
-
സ്ഥലം: ഹാൾ 2, 3, 5, 6 (എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ, സാഖിർ).
-
പ്രവേശനം: സൗജന്യം (വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം: www.theautumnfair.com).









