മനാമ: ബഹ്‌റൈനിൽ ലൈസൻസില്ലാതെ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയും വ്യാജ അക്കാദമിക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്ത ഏഷ്യൻ വംശജനായ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് മന്ത്രാലയം കണ്ടെത്തുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ, ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനോ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകാനോ ഉള്ള യാതൊരുവിധ ലൈസൻസും ഇല്ലെന്ന് വ്യക്തമായി.
അഴിമതി വിരുദ്ധ-സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ വിഭാഗവുമായും വ്യവസായ വാണിജ്യ മന്ത്രാലയവുമായും ഏകോപിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തി. പ്രതിയെ റിമാൻഡ് ചെയ്തതായും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.









