മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടുന്ന മുഹറഖ് ഗവർണറേറ്റിലെ മൂന്നാം മണ്ഡലത്തിൽ അത്യാധുനിക രീതിയിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. മാലിന്യ ബിന്നുകൾ റോഡരുകിൽ നിരത്തിയിടുന്നത് ഒഴിവാക്കി, അവയ്ക്കായി പ്രത്യേക ഗ്രൗണ്ട് സ്പേസുകൾ (Built-in ground spaces) നിർമ്മിക്കുന്ന പദ്ധതിയാണിത്. മുഹറഖ് മുനിസിപ്പൽ കൗൺസിലിന് നൽകിയ കത്തിലാണ് പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് മിഷാൽ ബിൻ മുഹമ്മദ് അൽ ഖലീഫ ഇക്കാര്യം അറിയിച്ചത്.
റോഡരികിലെ മാലിന്യക്കൂമ്പാരങ്ങൾ ഒഴിവാക്കി നഗരസൗന്ദര്യം നിലനിർത്താനും മാലിന്യശേഖരണം കൂടുതൽ സുഗമമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സ്ട്രീറ്റ് 5, 6, 7 എന്നിവടങ്ങളിലും റോഡ് 2702-ലും ഇത്തരം പോക്കറ്റുകൾ സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ സ്ട്രീറ്റ് 55, റോഡ് 1021, 2737 എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ജനവാസ കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മാലിന്യ ബിന്നുകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതോടെ ഇല്ലാതാകും.
ജനങ്ങളുടെ സൗകര്യവും പരിസ്ഥിതിയും മുൻനിർത്തിയാണ് ഈ പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നതെന്ന് ഷെയ്ഖ് മിഷാൽ പറഞ്ഞു. ചിലയിടങ്ങളിൽ കാഴ്ചയ്ക്ക് തടസ്സമാകാത്ത രീതിയിൽ ഭാഗികമായി ഭൂമിക്കടിയിലാകും ഈ ബിന്നുകൾ സ്ഥാപിക്കുക. റോഡ് നവീകരണ ജോലികൾക്കൊപ്പം തന്നെ ഇതിന്റെ നിർമ്മാണവും പൂർത്തിയാക്കും. മുഹറഖിലെ ഈ പൈലറ്റ് പ്രോജക്റ്റ് വിജയകരമായാൽ രാജ്യവ്യാപകമായി ഇത്തരം സംവിധാനം നടപ്പിലാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇത് ബഹ്‌റൈനിലെ നഗരശുചിത്വം വർദ്ധിപ്പിക്കുകയും കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ചെയ്യും.









