മനാമ: മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് 1,854 ദിനാറിന്റെ യൂട്ടിലിറ്റി ബില്ലുകള്‍ അടച്ച രണ്ട് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം തടവും 1,000 ദിനാറിന്റെ പിഴയും. അറബ്, ഏഷ്യന്‍ പൗരന്‍മാരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇവരില്‍ ഒരാള്‍ക്ക് സമാനമായ മറ്റൊരു കേസില്‍ നേരത്തെ മൂന്ന് വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. ഡോക്യുമെന്റ് ക്ലിയറന്‍സ് ഓഫീസര്‍മാരായി യൂട്ടിലിറ്റി ബില്ലുകളില്‍ കിഴിവ് നിരക്കുകള്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
നാല് വ്യക്തികളുടെ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഇഡബ്ല്യുഎ) അക്കൗണ്ടുകളിലേക്ക് പ്രവേശനം ലഭിക്കുകയും ഇഡബ്ല്യുഎയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 12 ഇടപാടുകളിലൂടെ ബില്ലുകള്‍ അടക്കുകയും ചെയ്തു. ഇഡബ്ല്യുഎ സബ്സ്‌ക്രൈബര്‍മാര്‍ പണം നേരിട്ട് പ്രതികള്‍ക്ക് കൈമാറും. ഈ പണം പ്രതികള്‍ സൂക്ഷിക്കുകയും മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ബില്ലുകള്‍ അടക്കുകയും ചെയ്യും.
പേയ്മെന്റ് പ്രോസസ്സര്‍ ഈ ഇടപാടുകള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തി. തട്ടിപ്പ് കണ്ടെത്താന്‍ ജീവനക്കാരന്‍ അധികാരികളെ റിപ്പോര്‍ട്ട് ചെയ്യുകയും പ്രതികള്‍ അറസ്റ്റിലാവുകയും ആയിരുന്നു. പ്രതികള്‍ തട്ടിപ്പ് നടത്താന്‍ മറ്റൊരാളുടെ ഇലക്ട്രോണിക് ഒപ്പ് ദുരുപയോഗം ചെയ്തതായും കണ്ടെത്തി.









