മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച പ്രവർത്തക സംഗമം അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗുദൈബിയ അൽ മന്നാഇ ഹാളിൽ നടന്ന പരിപാടിയിൽ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
അൽ മന്നാഇ സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ-പ്രബോധന പ്രവർത്തനങ്ങൾക്കൊപ്പം രക്തദാന ക്യാമ്പ് പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും അൽ മന്നാഇ സെന്ററിലെ മലയാള വിഭാഗം മുൻനിരയിൽ നിൽക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്വീഫ് മദനി മുഖ്യപ്രഭാഷണം നടത്തി. സി.ടി. യഹ്‌യ ആമുഖ ഭാഷണം നിർവഹിച്ചു. കേരളത്തിലെ വിസ്‌ഡം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ ശ്ലാഘനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിസ്‌ഡം വൈസ് പ്രസിഡന്റും ജി.സി.സി കോർഡിനേറ്ററുമായ മുഹമ്മദ് ഷെരീഫ് ഏലങ്കോട്, എക്സിക്യൂട്ടീവ് അംഗം വെൽക്കം അഷ്‌റഫ് അബൂബക്കർ, സ്വാലിഹ് അൽ ഹികമി എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈൽ സ്വാഗതവും ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ നന്ദിയും പറഞ്ഞു.









