മനാമ: ബഹ്റൈന്‍-സൈപ്രസ് ഉച്ചകോടി ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സഹകരണം, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ ഔദ്യോഗിക സന്ദര്‍ശനം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ രാജ്യത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 44-ാം വാര്‍ഷികത്തോടനുബന്ധിച്ച് മനാമയില്‍ സൈപ്രസ് എംബസി ഔദ്യോഗികമായി തുറന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. പ്രതിരോധം, നയതന്ത്രം, സംസ്‌കാരം, പുരാവസ്തുക്കള്‍, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം, ആശയവിനിമയം, സാങ്കേതികവിദ്യ, വിവര കൈമാറ്റം, സമുദ്ര, വ്യോമ- ചരക്ക് സേവനങ്ങളുടെ വികസനം എന്നീ മേഖലകളില്‍ നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു.
രാജാവിന്റെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങളിലും, സൈപ്രസുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും, ഇരു രാജ്യങ്ങളുടെയും പരസ്പര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ അവരുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും ബഹ്റൈന്‍ നടത്തുന്ന പ്രതിബദ്ധത മന്ത്രി എടുത്തുപറഞ്ഞു.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള വ്യാപാര പാതകള്‍ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യവും, സൈപ്രസുമായും അന്താരാഷ്ട്ര മത, സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് സഹിഷ്ണുത, സാഹോദര്യം, നാഗരികതകള്‍ തമ്മിലുള്ള സംഭാഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉന്നതതല ഔദ്യോഗിക സന്ദര്‍ശനങ്ങളിലൂടെയും മൂന്ന് റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകളിലൂടെയും രണ്ട് വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ ഏകോപനത്തിനും സഹകരണത്തിനും ഡോ. അല്‍ സയാനി നന്ദി പറഞ്ഞു.









