മനാമ: ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി മുഖ്യാതിഥിയായി പങ്കെടുത്തു.
ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പ്രത്യേക അഭിവാദ്യങ്ങളും റിപ്പബ്ലിക് ദിന ആശംസകളും അദ്ദേഹം ഇന്ത്യൻ സർക്കാരിനെയും ജനങ്ങളെയും അറിയിച്ചു. ഇന്ത്യയുടെ ഐശ്വര്യത്തിനും സമാധാനത്തിനുമായി അദ്ദേഹം ആശംസകൾ നേരുകയും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം താൽപ്പര്യങ്ങളിൽ അധിഷ്ഠിതമല്ലെന്നും ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധമാണ് ഇതിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ-ഇന്ത്യ ജോയിന്റ് ഹൈക്കമ്മീഷന്റെ പ്രവർത്തനങ്ങളെയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈൻ താൽക്കാലിക അംഗത്വം വഹിക്കുന്ന സാഹചര്യത്തിൽ, പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇന്ത്യയുമായി ചേർന്ന് കൂടുതൽ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ബഹ്‌റൈൻ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ പ്രമുഖരും നയതന്ത്രജ്ഞരും ചടങ്ങിൽ സംബന്ധിച്ചു.









