small icons
small icons

പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കങ്ങളിൽ പങ്കെടുക്കില്ല; അഞ്ചാം ലോകകേരള സഭക്കെതിരെ രൂക്ഷവിമർശനവുമായി ഒഐസിസി

oicc loka kerala sabha

മനാമ: ഭരണ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രവാസികളുടെ പേരിൽ സർക്കാർ നടത്തുന്ന ആർഭാട സമ്മേളനങ്ങളിൽ നിന്ന് പ്രവാസി സംഘടനകൾ പിൻമാറണമെന്ന് ഒഐസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവർഷമായി പ്രവാസികൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്താത്ത സർക്കാർ, ഇപ്പോൾ നടത്തുന്ന പ്രവാസി മാമാങ്കങ്ങൾ കേവലം പി.ആർ. വർക്ക് മാത്രമാണെന്ന് ഒഐസിസി കുറ്റപ്പെടുത്തി.

സാധാരണക്കാരായ പ്രവാസികളുടെ ഉന്നമനത്തിന് എന്ന പേരിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഇത്തരം പരിപാടികളിൽ പ്രവാസികളുടെ ബുദ്ധിമുട്ട് അറിയുന്ന പൊതുപ്രവർത്തകർ ആരും പങ്കെടുക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യമന്ത്രി നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും പ്രവാസികൾക്ക് വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിലൊന്നും കൃത്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. ആദ്യ ലോക കേരള സഭ മുതൽ പ്രവാസികളുടെ പേരിൽ കോടികൾ ചെലവാക്കിയതല്ലാതെ സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും ഒഐസിസി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പട്ടിണി മാറ്റുന്നത് ലേബർ ക്യാമ്പുകളിൽ കഷ്ടപ്പെടുന്ന പ്രവാസികളാണ്. എന്നാൽ വിദേശ സന്ദർശന വേളകളിൽ അങ്ങനെയുള്ള സാധാരണക്കാരെ കാണാനോ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായിട്ടില്ല. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തുന്നവർക്ക് മാന്യമായ ചികിത്സയോ മരുന്നോ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ല. മുൻ പ്രവാസി എന്ന കാരണത്താൽ പലർക്കും ബി.പി.എൽ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. ആരോഗ്യം നഷ്ടപ്പെട്ടു മടങ്ങുന്ന പ്രവാസികൾ കുടുംബത്താൽ പോലും ഉപേക്ഷിക്കപ്പെടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും ഒഐസിസി ആരോപിച്ചു.

യഥാർത്ഥ പ്രവാസി വിഷയങ്ങളിൽ നിന്ന് ഓടിയൊളിക്കുന്ന സർക്കാർ, സമ്മേളനങ്ങളുടെ പേരിൽ ആർഭാടം നടത്തി ഇമേജ് വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!