മനാമ: വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളും നാനാ ജാതി–മത വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മഹാ വിസ്മയത്തെ ഉൾക്കൊള്ളാനും ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഇന്ത്യൻ ഭരണഘടനയെ കാത്തുസൂക്ഷിക്കാനും രാജ്യത്തെ ഓരോ പൗരനും ബാധ്യതപ്പെട്ടവരാണെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽഹമീദ് വെന്നിയൂർ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിസ്വാതന്ത്ര്യം, തുല്യത, നിതി, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങളിൽ ഊന്നിയാണ് ഇന്ത്യൻ ഭരണഘടന നിർമിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ഓരോ പൗരനും പ്രതിജ്ഞ പുതുക്കേണ്ട ദിനം കൂടിയാണ് റിപ്പബ്ലിക് ദിനമെന്നും അദ്ധേഹം പറഞ്ഞു.
ഭൂതകാലത്തെ ആഘോഷിക്കുക മാത്രമല്ല; രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനവും നമ്മോട് ഉണർത്തുന്നത് എന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിച്ച പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു. രാജ്യത്ത് സാർവത്രിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണവും സാഹോദര്യവും ഐക്യവും വളർത്തുകയും ചെയ്യുന്നതിലൂടെ മികച്ച ഒരു നാളെയെ രൂപപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ സാംസ്‌കാരിക സംഘങ്ങളായ തരംഗ്, പേൾസ്, ഗസാനിയ എന്നിവർ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വൈവിധ്യമാർന്ന നൃത്താ വിഷ്കാരങ്ങളും പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തെ മികവുറ്റതാക്കി. ഫെല്ല മെഹക്കിൻ്റെ നൃത്ത പ്രകടനം സദസിന് കൂടുതൽ നിറം പകർന്നു.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ സാംസ്കാരിക വിഭാഗം സെക്രട്ടറി സബീന അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ സ്വാഗതം ആശംസിച്ചു. അഡ്വ. ഷഫ്ന തയ്യിബ് പരിപാടി നിയന്ത്രിച്ചു. ആഷിഖ് എരുമേലി, അക്ബർ ഷാ, അനസ് കാഞ്ഞിരപ്പള്ളി, അനിൽ ആറ്റിങ്ങൽ, അബ്ദുള്ള കുറ്റ്യാടി, മൊയ്തു തിരുവള്ളൂർ, റഷീദ ബദറുദ്ദീൻ, രാജീവ് നാവായിക്കുളം, സുമയ്യ ഇർഷാദ്, അജ്മൽ ഹുസൈൻ, സജീർ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.









