മനാമ: സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും ആഗോള മാതൃകയായി ബഹ്‌റൈൻ ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന ബഹുമതിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്. അന്താരാഷ്ട്ര സമാധാന സഹവർത്തിത്വ ദിനാചരണത്തോടനുബന്ധിച്ച് മനാമയിലെ ഷെറാട്ടൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളാണ് ഈ ചരിത്രനേട്ടം പ്രഖ്യാപിച്ചത്.
റെക്കോർഡ് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററിൽ ചുരുങ്ങിയത് 2.300 ആരാധനാലയങ്ങൾ വേണമെന്നായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡിന്റെ മാനദണ്ഡം. എന്നാൽ ബഹ്‌റൈനിൽ ഇത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2.577 എന്ന നിലയിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ 15 ലക്ഷത്തിലധികം വരുന്ന ജനസംഖ്യയ്ക്കായി നിലവിൽ 2,123 ഔദ്യോഗിക ആരാധനാലയങ്ങളുണ്ട്. മസ്ജിദുകൾ, ചർച്ചുകൾ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഗതാഗത-വാർത്താവിനിമയ മന്ത്രിയും ‘കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോ എക്സിസ്റ്റൻസ്’ ബോർഡ് ചെയർമാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, നീതിന്യായ-ഇസ്‌ലാമിക കാര്യ മന്ത്രി നവാഫ് അൽ മൗദ എന്നിവരുടെ സാന്നിധ്യത്തിലാണ് റെക്കോർഡ് പ്രഖ്യാപനം നടന്നത്. ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണത്തിന് കീഴിൽ രാജ്യം ഉയർത്തിപ്പിടിക്കുന്ന മതസൗഹാർദ്ദത്തിനുള്ള ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത വിശ്വാസങ്ങളും സംസ്‌കാരങ്ങളും പുലർത്തുന്നവർ ഒരേ മനസ്സോടെ കഴിയുന്ന ബഹ്‌റൈന്റെ പാരമ്പര്യം ലോകത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ജൂറി വ്യക്തമാക്കി. കേവലം കണക്കുകൾക്കപ്പുറം, ബഹ്‌റൈനിലെ ജനത കാത്തുസൂക്ഷിക്കുന്ന ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിഫലനമാണ് ഈ റെക്കോർഡെന്നും അവർ കൂട്ടിച്ചേർത്തു.









