മനാമ: ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ‘ബഹ്‌റൈൻ ഫസ്റ്റ് 2026’ (Bahrain First 2026) ആഘോഷങ്ങൾ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുപ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് അണിനിരന്നത്. ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഞായറാഴ്ച (ഫെബ്രുവരി 1) രാജ്യത്തെ സ്കൂളുകൾക്ക് രാജാവ് അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ രംഗത്ത് ബഹ്‌റൈൻ കൈവരിച്ച ചരിത്രപരമായ നേട്ടങ്ങൾ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ ചടങ്ങിൽ വിശദീകരിച്ചു. 60 രാജ്യങ്ങൾ പങ്കെടുത്ത ‘മൈക്രോസോഫ്റ്റ് ഷോക്കേസ് സ്കൂൾ’ പ്രോഗ്രാമിൽ ബഹ്‌റൈൻ ലോകത്ത് ഒന്നാം സ്ഥാനം നേടിയത് രാജ്യത്തിന് അഭിമാനമായി. കൂടാതെ, 1986-ൽ സ്ഥാപിതമായ ശേഷം ആദ്യമായി ബഹ്‌റൈൻ സർവകലാശാല ‘ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് റാങ്കിംഗിൽ’ ഇടംനേടിയതും മികച്ച വിദ്യാഭ്യാസ പദ്ധതിക്കുള്ള ‘അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡ്’ മന്ത്രാലയത്തിന് ലഭിച്ചതും മന്ത്രി എടുത്തുപറഞ്ഞു.
ബഹ്‌റൈനിൽ പെൺകുട്ടികൾക്കായി ആദ്യമായി ഔദ്യോഗിക വിദ്യാലയം സ്ഥാപിതമായതിന്റെ (1928) നൂറാം വർഷം വരാനിരിക്കെ, ശതാബ്ദി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കാൻ രാജാവ് നിർദ്ദേശം നൽകി. സ്ത്രീശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും രാജ്യം നൽകുന്ന പ്രാധാന്യത്തിന്റെ അടയാളമായിരിക്കും ഈ ആഘോഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്ത രാജാവ്, രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും അധ്യാപകർ നൽകുന്ന പങ്ക് വലുതാണെന്നും അവരാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും വിശേഷിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു.
നാലായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്ന വർണ്ണാഭമായ ‘ബഹ്‌റൈൻ ഫസ്റ്റ്’ സംഗീത ശില്പം (Operetta) ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രാജ്യത്തിന്റെ പാരമ്പര്യവും ഭാവി സ്വപ്നങ്ങളും കോർത്തിണക്കിയ കലാപ്രകടനങ്ങൾ കാണികളെ വിസ്മയിപ്പിച്ചു.









