മനാമ: വ്യാജ രേഖകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി വര്‍ക്ക് പെര്‍മിറ്റുകള്‍ നേടിയതിനും കൈവശം വച്ചതിനും എട്ട് പേര്‍ക്ക് തടവുശിക്ഷ. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഇവരെ ശിക്ഷിച്ചതെന്ന് അറ്റോര്‍ണി ജനറര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ആദ്യ കേസില്‍, അഞ്ച് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും അവരെ സ്ഥിരമായി നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു.
നിലവിലില്ലാത്ത കമ്പനികളുമായി ബന്ധപ്പെട്ട 51 വാണിജ്യ രേഖകള്‍ ഉപയോഗിച്ച് 93 വര്‍ക്ക് പെര്‍മിറ്റുകള്‍ നേടിയെടുത്തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രണ്ടാമത്തെ കേസില്‍, 32 വ്യാജ വാണിജ്യ രേഖകള്‍ ഉപയോഗിച്ച് 61 വര്‍ക്ക് പെര്‍മിറ്റുകള്‍ നിയമവിരുദ്ധമായി നേടിയതിന് ഒരു പ്രതിക്ക് 61,000 ദിനാര്‍ പിഴയും സ്ഥിരമായി നാടുകടത്തലും വിധിച്ചു.
മൂന്നാമത്തെ കേസില്‍, വ്യാജ കമ്പനികളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത 21 വാണിജ്യ രേഖകള്‍ വഴി 42 വര്‍ക്ക് പെര്‍മിറ്റുകള്‍ നേടിയതിന് ഒന്നാം പ്രതിക്ക് 40,000 ദിനാര്‍ പിഴയും രണ്ടാം പ്രതിക്ക് 2,000 ദിനാര്‍ പിഴയും, സ്ഥിരമായി നാടുകടത്തലും കോടതി വിധിച്ചു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.









