മനാമ: സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുള്ളത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അപ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വിഭവസമാഹരണത്തിന് വ്യക്തമായ വഴികളില്ലാതെയാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പദ്ധതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കടത്തില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ട ബജറ്റാണിത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തികാവസ്ഥയെയും സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെയും യാഥാര്‍ഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നതില്‍ ബജറ്റ് പരാജയമാണ്. എവിടെ നിന്ന് പണം എന്ന അടിസ്ഥാന ചോദ്യത്തിന് യുക്തിസഹമോ നവീനമോ ആയ ഉത്തരം കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി സമ്മതിക്കുന്നു. ഈ വര്‍ഷം മാത്രം 17,000 കോടി രൂപയുടെ കുറവ് വരുമാനത്തിലുണ്ടായിട്ടും കടമെടുപ്പിനെ ആശ്രയിച്ച് മാത്രം വീണ്ടും വാഗ്ദാനങ്ങള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. കിഫ്ബി വഴി 96,554 കോടിയുടെ പദ്ധതികള്‍ അനുവദിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 24,734 കോടിയുടെ പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇത് തെളിയിക്കുന്നത് വാഗ്ദാനങ്ങളിലെയും അവകാശവാദങ്ങളിലെയും കാപട്യമാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ബജറ്റിലെ ആശ്വാസ പ്രഖ്യാപനങ്ങളില്‍ പലതിനും കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജനകീയ മുന്നേറ്റങ്ങളുമായും സമരങ്ങളുമായും ബന്ധമുണ്ട്. ന്യായമായ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അത്തരം ആവശ്യങ്ങളോട് മുഖം തിരിക്കുകയും പലപ്പോഴും സമരങ്ങളെയും കൂട്ടായ്മകളെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരാണ് ഇടതുസര്‍ക്കാര്‍.
ആവശ്യങ്ങള്‍ അംഗീകരിക്കേണ്ട ഘട്ടങ്ങളില്‍ അതിനോട് മുഖം തിരിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായി വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നല്ലപിള്ള ചമയാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍ക്കാരിന്റെ ഈ വഞ്ചനാപരമായ നിലപാട് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയും അടിസ്ഥാന ജനതയുടെ വികസനത്തെ അവഗണിച്ചും ജനങ്ങളെ വഞ്ചിക്കുന്ന വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി ഫലത്തില്‍ ബജറ്റ് മാറിയിരിക്കുകയാണെന്നും പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറിയേറ്റ് ഇറക്കിയ പത്രകുറിപ്പില്‍ അഭിപ്രായപ്പെട്ടു.









