മനാമ: ബുദ്ധിവൈകല്യമുള്ള മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരേ നടപടി. 40 വയസ്സ് കഴിഞ്ഞ യുവാവിനെ 2015 ലാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചത്. മാതാപിതാക്കളെ ക്രിമിനല്‍ വിചാരണയ്ക്ക് അയച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
2015 ല്‍ ഓട്ടോഇമ്മ്യൂണ്‍ രോഗത്തിനാണ് നേരിയ ബുദ്ധിവൈകല്യമുള്ള യുവാവിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ആവശ്യമായ എല്ലാ മെഡിക്കല്‍ പരിശോധനകളും ചികിത്സയും രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കി. എന്നാല്‍ യുവാവിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് പരാതി ലഭിച്ചെന്ന് കുടുംബ, ശിശു പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു.
ആശുപത്രി ജീവനക്കാര്‍ യുവാവിനെ പരിചരിക്കേണ്ട ഉത്തരവാദിത്തം ബോധ്യപ്പെടുത്താന്‍ നിരവധി തവണ ശ്രമിച്ചിട്ടും മകനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചു. കഴിഞ്ഞ 10 വര്‍ഷമായി മാതാപിതാക്കള്‍ ഈ ആവശ്യം തുടര്‍ച്ചയായി തള്ളികളഞ്ഞു.
രോഗിയുടെ ആരോഗ്യസ്ഥിതിക്ക് ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലെന്നും മകനെ കൊണ്ടുപോകാന്‍ മാതാപിതാക്കളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ലെന്നും ലോങ്സ്റ്റേ കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് പബ്ലിക് പ്രോക്‌സിക്യൂഷനെ അറിയിച്ചു. യുവാവിന്റെ ബുദ്ധിപരമായ വൈകല്യം പത്ത് വയസ്സുള്ള കുട്ടിയുടെ ചിന്താഗതിക്ക് സമാനമാണെന്നും, കുടുംബത്തിനോ സമൂഹത്തിനോ ഒരു അപകടവും വരുത്തുന്നില്ലെന്നും ഡെപ്യൂട്ടി ഹെഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2005 മുതല്‍ യുവാവ് സാമൂഹിക വികസന മന്ത്രാലയത്തില്‍ വികലാംഗനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്നുമുതല്‍ മാതാപിതാക്കള്‍ക്ക് വികലാംഗ അലവന്‍സ് ലഭിക്കുന്നുണ്ടെന്നും അന്വേഷണങ്ങളില്‍ കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വൈകല്യമുള്ള മകനെ പരിചരിക്കാനുള്ള നിയമപരമായ കടമ അവഗണിച്ചതിന് മാതാപിതാക്കളെ വിചാരണയ്ക്ക് വിധേയമാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. 2006 ലെ വികലാംഗരുടെ പരിചരണം, പുനരധിവാസം, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള നിയമം (74) പ്രകാരം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.









