മനാമ: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ പൂർണ്ണമായും അവഗണിക്കുന്നതാണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിലേതുപോലെ തന്നെ പ്രവാസി സമൂഹത്തിന് നിരാശയാണ് ഇത്തവണയും ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വിമാനക്കൂലി വർദ്ധനവും യാത്രാ പ്രശ്നങ്ങളും പരിഹരിക്കാൻ ഒരു നടപടിയും ബജറ്റിലില്ല. കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ ഈ വിഷയങ്ങൾ നിരന്തരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുഭാവപൂർണ്ണമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്.
ജോലി നഷ്ടപ്പെട്ടും പ്രവാസം മതിയാക്കിയും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനോ ചേർത്തുപിടിക്കാനോ ആവശ്യമായ യാതൊരു പദ്ധതിയും കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടില്ല. പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാരിനുള്ള കടുത്ത അവഗണനയുടെ തെളിവാണ് ഈ ബജറ്റെന്നും ബേസിൽ നെല്ലിമറ്റം ആരോപിച്ചു.








