മനാമ: “ഭൂമിയിൽ ആരും വിശപ്പോടെ ഉറങ്ങരുത്” എന്ന മഹത്തായ ലക്ഷ്യവുമായി മലബാർ അടുക്കള ഗ്രൂപ്പ് ആവിഷ്‌കരിച്ച ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി. കേരളം, ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ പ്രദേശത്തെയും പാവപ്പെട്ടവരെയും അശരണരെയും കണ്ടെത്തി നൂറുകണക്കിന് ഭക്ഷണക്കിറ്റുകൾ നേരിട്ടെത്തിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണ വിതരണം നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മലബാർ അടുക്കള ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, എം.എം.എസ്.ഇ (MMSE) ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് എന്നിവരുമായി സഹകരിച്ച് ലേബർ ക്യാമ്പുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന വിതരണത്തിന് ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളായ സുബിനാസ്, സുമ ദിനേശ്, ഷമ്രു മഷൂദ്, അഞ്ജലി അഭിലാഷ്, മുബീൻ, മുഹ്സിൻ, റിസ്‌വാൻ ജിഷി, ഷൈജാസ്, ദിനേശ്, അഭിലാഷ്, അർജുൻ, അശ്വിൻ, അലി മുഹമ്മദ്, അബ്ദുൽ ഗഫൂർ, മഷൂദ്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് ഈ പദ്ധതിയെന്ന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചക്കോത്ത് അറിയിച്ചു. മുൻകാലങ്ങളിൽ നടത്തിവന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വിപുലമായ രീതിയിൽ ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








