ദോഹ: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്.) ജി.സി.സി. പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായിക്ക് ജി.എം.എഫ്. ഖത്തർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ദോഹ ഐ.സി.സി. ഹാളിൽ നടന്ന പ്രൗഢമായ സ്വീകരണ ചടങ്ങിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ കമ്മ്യൂണിറ്റി ലീഗൽ അഡ്വൈസറുമായ അഡ്വ. ജാഫർഖാൻ അധ്യക്ഷത വഹിച്ചു.
ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കണ്ണൂർ ആമുഖ പ്രഭാഷണം നടത്തി. ജി.എം.എഫ്. ട്രഷറർ മുസ്തഫ, ജോയിന്റ് സെക്രട്ടറി അജിതകുമാരി, വൈസ് പ്രസിഡന്റ് ആര്യ സതീഷ്, ജീവകാരുണ്യ കൺവീനർ അബ്ദുൽ അസീസ്, ഭാരവാഹികളായ അബി, സുനിൽ മക്കാർ, ഷിനോബ്, സുഭാഷ്, രഞ്ജിത്ത്, തജാസ്, ജെയിംസ് ഓലങ്ങാട്ട്, റിയാസ് അനൂപ്, സരിത തുടങ്ങിയവർ ആശംസകൾ നേർന്നു.
മറുപടി പ്രസംഗത്തിൽ ഖത്തർ കമ്മിറ്റിയോടുള്ള നന്ദി ബഷീർ അമ്പലായി രേഖപ്പെടുത്തി. ജി.സി.സി. രാജ്യങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും, കൂടുതൽ അംഗങ്ങളെ സംഘടനയുടെ ഭാഗമാക്കി മികച്ച രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.








