മനാമ: ബഹ്‌റൈനിൽ അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയ ചെക്കുകൾ വഴി തുക ഈടാക്കുന്നതിനുള്ള നടപടികൾ ഗവൺമെന്റ് കൂടുതൽ ലഘൂകരിച്ചു. ഇനി മുതൽ ഇത്തരം കേസുകളിൽ കോടതിയിൽ പ്രത്യേക സിവിൽ കേസ് ഫയൽ ചെയ്യാതെ തന്നെ പണം ഈടാക്കാൻ സാധിക്കും. ഫെബ്രുവരി 3 ചൊവ്വാഴ്ച മുതൽ ഈ സേവനം ബഹ്‌റൈൻ നാഷണൽ പോർട്ടലിൽ (bahrain.bh) ലഭ്യമാകുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
പുതിയ പരിഷ്‌കാരം ഇങ്ങനെ:
വാണിജ്യ നിയമത്തിൽ വരുത്തിയ ഭേദഗതികൾ പ്രകാരം, പണമില്ലാതെ മടങ്ങുന്ന ചെക്കുകളെ നേരിട്ട് നടപ്പിലാക്കാൻ കഴിയുന്ന ഔദ്യോഗിക രേഖയായി (Executive Document) പരിഗണിക്കും. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (iGA) സഹകരിച്ച് നാഷണൽ പോർട്ടലിലെ “Open Execution File Using Executive Document” എന്ന ലിങ്ക് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
പ്രധാന നിബന്ധനകൾ:
-
ഫീസ്: ചെക്കിലെ തുകയുടെ 2 ശതമാനം എൻഫോഴ്സ്‌മെന്റ് ഫീസായി നൽകണം. ഇത് പരമാവധി 1,000 ദിനാർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഈ തുക ഓൺലൈനായി അടയ്ക്കണം.
-
ആവശ്യമായ രേഖകൾ: അക്കൗണ്ടിൽ പണമില്ലെന്ന് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ചെക്കിന്റെ ഇരുവശങ്ങളുടെയും വ്യക്തമായ കോപ്പി, തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രോയർക്ക് (ചെക്ക് നൽകിയ ആൾ) നൽകിയ നോട്ടീസ് തുടങ്ങിയവ സമർപ്പിക്കണം.
-
രേഖകൾ അപൂർണ്ണമാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഇത്തരത്തിൽ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ ലഭിക്കില്ലെന്നും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി നായിഫ് ഖലീഫ അൽ തവാദി വ്യക്തമാക്കി.
ലക്ഷ്യം:
ചെക്കുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുക, കടക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക, വാണിജ്യ ഇടപാടുകളിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.









