മനാമ: പ്രവാസി വെൽഫെയറിന്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കുന്ന ‘മീറ്റ് യുവർ ഡോക്ടർ’ ഹെൽത്ത് ഇനിഷ്യേറ്റീവ് ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. സിഞ്ചിലുള്ള പ്രവാസി സെന്ററിൽ രാവിലെ 8.00 മുതൽ 11.00 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
പ്രവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണം, കൗൺസലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവ ലഭ്യമാകും. ബഹ്റൈനിലെ ആരോഗ്യ-സാമൂഹിക സേവന രംഗത്തെ പ്രമുഖരായ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പ് പൂർണ്ണമായും സൗജന്യമാണ്.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഇ.എൻ.ടി (ENT), ദന്തൽ എന്നീ വിഭാഗങ്ങളിലായി ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജയ്സ് ജോയ്, ഡോ. നിദ ഫെലിക്സ്, ഡോ. ശഹീർ ഇബ്രാഹിം, ഡോ. ജാസ്മിൻ മൊയ്തു തുടങ്ങിയ വിദഗ്ധർ രോഗികളെ പരിശോധിക്കും. ഡോക്ടർമാരുമായി നേരിട്ട് സംവദിക്കാനും ആരോഗ്യ സംശയങ്ങൾ ചോദിച്ചറിയാനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് മെഡ്കെയർ കോർഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി അറിയിച്ചു.









