മനാമ: ഭാവഗായകൻ പി. ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ ഘടകവും കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷനും (കെ.എസ്.സി.എ) സംയുക്തമായി സംഘടിപ്പിച്ച ‘അനുരാഗം മീട്ടും ഗന്ധർവ്വൻ’ സംഗീത സ്മരണാഞ്ജലി ശ്രദ്ധേയമായി. ഗായകന്റെ പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി നടത്തിയ പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ബഹ്‌റൈനിലെ ഒട്ടേറെ കലാകാരന്മാർ അണിനിരന്നു.
കെ.എസ്.സി.എ വൈസ് പ്രസിഡന്റ് യു.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ ഉദ്ഘാടനം നിർവ്വഹിച്ചു. ജയചന്ദ്രൻ ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ പ്രസിഡന്റ് ഹരിപ്പാട് സുധീഷ്, സെക്രട്ടറി സുനിൽ മേനോൻ, കെ.എസ്.സി.എ എന്റർടൈൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ എന്നിവർ സ്മരണാഞ്ജലി അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന ഗാനാഞ്ജലിയിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന 18 ഗായകർ ജയചന്ദ്രന്റെ മനോഹരമായ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു. എൻ.എസ്. പ്രിയംവദയുടെ അവതരണ മികവ് പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങിൽ പങ്കെടുത്ത ഗായകർക്കെല്ലാം പ്രത്യേകം മെമെന്റോ നൽകി ആദരിച്ചു. ഐസക് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









