മനാമ: ബഹ്‌റൈനിൽ ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾ അധികൃതർ അടപ്പിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിക്ക് (BTEA) കീഴിലുള്ള ടൂറിസം ഇൻസ്പെക്ഷൻ വിഭാഗമാണ് പരിശോധന നടത്തി നിയമനടപടികൾ സ്വീകരിച്ചത്.
ടൂറിസം നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനായി അതോറിറ്റി നടത്തുന്ന പതിവ് പരിശോധനക്കിടെയാണ് ഈ ഓഫീസുകൾ കുടുങ്ങിയത്. കൃത്യമായ ലൈസൻസോ അനുമതിപത്രങ്ങളോ ഇല്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൂറിസം നിയമപ്രകാരം ഇവ ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു.
രാജ്യത്തെ നിയമങ്ങളും നിബന്ധനകളും പാലിച്ച് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ എന്ന് ബി.ടി.ഇ.എ (BTEA) കർശന നിർദ്ദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
അംഗീകൃതവും വിശ്വസനീയവുമായ ട്രാവൽ ഏജൻസികളുമായി മാത്രമേ പൊതുജനങ്ങൾ ഇടപാടുകൾ നടത്താവൂ എന്ന് ടൂറിസം അതോറിറ്റി അഭ്യർത്ഥിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി ഇടപഴകുന്നത് വഴി ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടങ്ങൾക്കും മറ്റ് പ്രത്യാഘാതങ്ങൾക്കും ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.









