മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ പ്രധാന റോഡ് നിര്‍മ്മാണ വികസനങ്ങളുടെ ഭാഗമായി പ്രശസ്തമായ ഫാല്‍ക്കണ്‍ സ്മാരകം മാറ്റിസ്ഥാപിക്കുന്നു. നിലവിലെ ഫാല്‍ക്കണിന്റെ മാതൃകയില്‍ മറ്റൊന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ഇതുസംബന്ധിച്ച് വര്‍ക്ക്‌സ് മന്ത്രാലയം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന് നാല് ബദലുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശം ഈ ആഴ്ച അവസാനം ചര്‍ച്ച ചെയ്യും. സ്മാരകം പൊളിച്ചുമാറ്റി ഫൈബര്‍ഗ്ലാസ് കൊണ്ടുള്ള പകര്‍പ്പ് സ്ഥാപിക്കുക, മറ്റൊന്ന് സ്ഥാപിക്കാതെ പൂര്‍ണമായും പൊളിച്ചുമാറ്റുക, ഉയര്‍ന്ന ചെലവില്‍ യഥാര്‍ത്ഥ സ്മാരകം മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കല്‍, സ്മാരകം പൂര്‍ണമായും ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും ഇതിന്റെ ഒരു പകര്‍പ്പ് സ്ഥാപിക്കുക എന്നീ ബദലുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ട് റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ 50 വര്‍ഷം പഴക്കമുള്ള വെള്ളച്ചാട്ട സ്മാരകം പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഫാല്‍ക്കന്‍ സ്മാരകവും മാറ്റി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.









