മനാമ: യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായ അഡ്മിറല്‍ ചാള്‍സ് ബ്രാഡ്ഫോര്‍ഡ് കൂപ്പര്‍ രണ്ടാമനുമായി ഡെപ്യൂട്ടി രാജാവ് ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. റിഫ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഡെപ്യൂട്ടി രാജാവ് ഓര്‍മിപ്പിച്ചു. സൈനിക, പ്രതിരോധ മേഖലകളില്‍ സംയുക്ത സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
മേഖല, ആഗോള സുരക്ഷ, സ്ഥിരത, വികസനം എന്നിവ ഏകീകരിക്കുന്നതില്‍ സഖ്യകക്ഷി രാജ്യങ്ങള്‍ക്കൊപ്പം അമേരിക്ക വഹിച്ച പ്രധാന പങ്കിനെ പ്രിന്‍സ് സല്‍മാന്‍ എടുത്തുപറഞ്ഞു. ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.









