small icons
small icons

ഇന്ത്യൻ യൂണിയൻ ബജറ്റ് 2026: നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ സെമിനാർ

New Project

മനാമ: ഭാരത സർക്കാരിന്റെ 2026-ലെ യൂണിയൻ ബജറ്റ് വിശകലനം ചെയ്യുന്നതിനായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 8-ന് നടന്ന ചടങ്ങിൽ മുൻ തൊഴിൽ-സാമൂഹിക കാര്യ മന്ത്രി അബ്ദുൽ നബി അൽ ഷൂല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൺട്രി ഹെഡ് മധു രാമൻകുട്ടി, ഐ.സി.ഐ.സി.ഐ സീനിയർ ഫണ്ട് മാനേജർ ഇഹാബ് ദൽവായ്, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുറഹ്മാൻ ജുമ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

സെമിനാറിനെ അഭിസംബോധന ചെയ്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, 4.13 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യ 7.4 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഒൻപതാമത് ബജറ്റ് ആഗോളതലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയതായും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറും (FTA) 15 വർഷത്തിന് ശേഷം പുനരാരംഭിച്ച ജി.സി.സി-ഇന്ത്യ വ്യാപാര ചർച്ചകളും ആഗോള വിപണിയിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതായും അംബാസഡർ ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായുള്ള ബഹ്‌റൈന്റെ ദീർഘകാല ബന്ധം അനുസ്മരിച്ച അബ്ദുൽ നബി അൽ ഷൂല, 1971-ൽ ബഹ്‌റൈൻ സ്വാതന്ത്ര്യം നേടിയ കാലം മുതൽക്കെ ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ അന്നത്തെ ഭരണനേതൃത്വം തിരിച്ചറിഞ്ഞിരുന്നതായി പറഞ്ഞു. 2047-ൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന ദീർഘവീക്ഷണത്തിൽ അദ്ദേഹം പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു.

തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുക എന്ന റെക്കോർഡ് ധനമന്ത്രി നിർമല സീതാരാമൻ സ്വന്തമാക്കിയതായി എസ്.ബി.ഐ കൺട്രി ഹെഡ് മധു രാമൻകുട്ടി പറഞ്ഞു. ടാക്സ് കോംപ്ലയൻസിലെ ലഘൂകരണം ആഗോള നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.ഐ.സി.ഐ പ്രതിനിധി ഇഹാബ് ദൽവായ് ബജറ്റിലെ വിവിധ മേഖലകളെക്കുറിച്ചും മൂലധന നിക്ഷേപത്തെക്കുറിച്ചും വിശദമായ അവതരണം നടത്തി.

ചടങ്ങിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിൽ നിക്ഷേപകരും ബിസിനസ് പ്രമുഖരും സജീവമായി പങ്കെടുത്തു. ബജറ്റ് വിദേശ നിക്ഷേപകരെയും പ്രാദേശിക വിപണിയെയും എങ്ങനെയെല്ലാം സ്വാധീനിക്കും എന്നതിനെക്കുറിച്ച് സംവാദത്തിൽ വ്യക്തത വരുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!