മനാമ: ഗൾഫ് രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ റവ. ഫാ. ജോളി വടക്കന് ബഹ്‌റൈനിൽ ഉജ്ജ്വല സ്വീകരണം നൽകി. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ സിംസ് ഭാരവാഹികളും വൈദിക ശ്രേഷ്ഠരും ചേർന്നാണ് സ്വീകരിച്ചത്.
മനാമ സേക്രഡ് ഹാർട്ട് ചർച്ച് വികാരിയും റെക്ടറുമായ ഫാ. ഫ്രാൻസിസ് പി. ജോസഫ്, അവാലി അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ. സജി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വീകരണ ചടങ്ങുകൾ നടന്നത്. ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാൻ നിയോഗിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.
ബഹ്‌റൈനിലെ സീറോ മലബാർ വിശ്വാസികളെ നേരിൽ കാണുന്നതിനായി എത്തിയ ഫാ. ജോളി വടക്കൻ, സിംസ് (Syro Malabar Society) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘രജതാരവം’ പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുക്കും. ഫെബ്രുവരി 14-ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 25 വർഷങ്ങളിൽ സിംസിനെ നയിച്ച മുൻകാല ഭാരവാഹികളെയും, വിവാഹ ജീവിതത്തിലും പ്രവാസ ജീവിതത്തിലും 25 വർഷം പിന്നിട്ട ദമ്പതികളെയും ചടങ്ങിൽ ആദരിക്കും. ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ സിംസ് അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി സിംസ് പ്രസിഡന്റ് പി.റ്റി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു.









