മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സഖീറിൽ സംഘടിപ്പിച്ച ‘ശൈത്യകാല ഖൈമ’ വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. അൽഫുർഖാൻ അംഗങ്ങൾ, QHLS പഠിതാക്കൾ, മദ്രസ്സാ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
ഫെബ്രുവരി 5-ന് വൈകുന്നേരം ആരംഭിച്ച ക്യാമ്പിൽ വിജ്ഞാനപ്രദമായ ക്ലാസ്സുകൾക്ക് മുൻഗണന നൽകി. ‘ലാഭകരമായ കച്ചവടം’, ‘സംഘടിത പ്രവർത്തനത്തിന്റെ പ്രാധാന്യം’ എന്നീ വിഷയങ്ങളിൽ അബ്ദുൾ ലത്തീഫ് അഹമ്മദ്, മൂസ സുല്ലമി എന്നിവർ പ്രഭാഷണം നടത്തി. വരാനിരിക്കുന്ന റമദാൻ മാസത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഡോ. ഇസ്മയിൽ വിശദീകരിച്ചു.
മുതിർന്നവർക്കും കുട്ടികൾക്കുമായി വടംവലി, ക്വിസ് മത്സരം, കസേരകളി, ലെമൺ സ്പൂൺ തുടങ്ങിയ ആവേശകരമായ വിനോദ മത്സരങ്ങളും അരങ്ങേറി. പ്രസിഡന്റ് സൈഫുള്ള കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതം പറഞ്ഞു. ഷഅബാൻ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും റമദാൻ മുന്നൊരുക്കങ്ങളെക്കുറിച്ചും അധ്യക്ഷൻ ഓർമ്മിപ്പിച്ചു.
വനിതാ വിംഗിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക സെഷനുകളും വിനോദ പരിപാടികളും സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ഡോ. നസീഹ ക്ലാസ്സെടുത്തു. ജനറൽ കൺവീനർ അബ്ദുൾ സലാം, അബ്ദുൾ മജീദ് തെരുവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രാത്രി ഒരു മണിയോടെ സമാപിച്ച ക്യാമ്പ് പങ്കെടുത്തവർക്ക് പുത്തൻ ഉണർവ്വേകുന്ന അനുഭവമായി മാറി.









