മനാമ: വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നത് ഉപയോക്താവിനെ അറിയിക്കാന്‍ വൈദ്യുതി, ജല അതോറിറ്റി അലേര്‍ട്ടുകള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഉപഭോക്താവിന്റെ വൈദ്യുതി ഉപയോഗം മൂന്നാമത്തെ താരിഫ് ബാന്‍ഡിലേക്ക് എത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്ന സന്ദേശങ്ങള്‍ എസ്എംഎസ് വഴിയോ ഇലക്ട്രോണിക് അറിയിപ്പ് വഴിയോ അയയ്ക്കണമെന്ന് നിര്‍ദ്ദേശം ആവശ്യപ്പെടുന്നു.
ചെലവ് ഉയരുന്നതിന് മുമ്പ് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് നിര്‍ദേശം സമര്‍പ്പിച്ച എംപി ബദര്‍ അല്‍ തമീമി പറഞ്ഞു. വൈദ്യുതി ഉപഭോഗത്തിന്റെ ഘട്ടങ്ങളെക്കുറിച്ചും തുടര്‍ന്നുള്ള ചെലവുകളെക്കുറിച്ചും പലര്‍ക്കും പരിചയമില്ല. ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ ലഭിക്കുമ്പോള്‍ പലര്‍ക്കും ഞെട്ടലുണ്ടാകുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണമാണ് ഈ നിര്‍ദ്ദേശത്തിന് പിന്നില്‍. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ആഗ്രഹത്തില്‍ നിന്നാണ് ഈ നിര്‍ദ്ദേശം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.









