മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന റമദാൻ ചാരിറ്റി ഡ്രൈവിന് ഈ വർഷവും സമുചിതമായ തുടക്കം. ബി കെ എസ് എഫ് രക്ഷാധികാരിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബഹ്‌റൈൻ സ്വദേശി വനിത എല്ലാ വർഷവും നൽകിവരുന്ന ഡ്രൈ ഫുഡ് കിറ്റുകളുടെ വിതരണത്തോടെയാണ് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സമൂഹത്തിലെ അർഹരായവരെ കണ്ടെത്തി ഈ സ്നേഹക്കിറ്റുകൾ എത്തിക്കാൻ ബി കെ എസ് എഫ് വളണ്ടിയർമാർ പൂർണ്ണ സജ്ജരാണെന്ന് ചാരിറ്റി കൺവീനർമാരായ അൻവർ കണ്ണൂരും കാസിം പാടത്തകായിലും അറിയിച്ചു.
ചടങ്ങിൽ അലി ഇബ്രാഹിം ഈസ ആശംസകൾ നേർന്നു. നജീബ് കടലായി, അനസ് റഹീം, ഫസൽ ഹഖ്, ലത്തീഫ് മരക്കാട്ട് തുടങ്ങിയ ബി കെ എസ് എഫ് പ്രതിനിധികൾ സംബന്ധിച്ചു.
വരാനിരിക്കുന്ന പദ്ധതികൾ: വിശുദ്ധ റമദാനിലുടനീളം വിപുലമായ പരിപാടികളാണ് ബി കെ എസ് എഫ് ഹെൽപ്പ്‌ലൈൻ ടീം ആസൂത്രണം ചെയ്യുന്നത്:
-
സൗജന്യ ഇഫ്താർ കിറ്റ് വിതരണം.
-
ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇഫ്താർ സംഗമങ്ങൾ.
-
വഴിയോരങ്ങളിൽ ഇഫ്താർ സ്നാക്സ് ബാഗുകളുടെ വിതരണം.
-
ഗബ്ഗ മജ്ലിസുകൾ, റമദാൻ സന്ദേശ സദസ്സുകൾ.
കൂടുതൽ വിവരങ്ങൾക്ക് 39614255, 33040446 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.









