മനാമ: തമിഴ്‌നാട് സർക്കാരിന്റെ ‘നാൻ മുതൽവൻ’ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈനിലെത്തിയ 20 മിടുക്കരായ വിദ്യാർത്ഥികൾക്ക് ഭാരതി അസോസിയേഷൻ സ്വീകരണം നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ഈ വിദ്യാർത്ഥികൾക്ക് ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും മാർഗനിർദ്ദേശങ്ങൾ നൽകി.
തമിഴ്‌നാട് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സോമ രാജേശ്വരൻ, അഡ്വൈസർ ഷാനവാസ് ഖാൻ എന്നിവർ സർക്കാർ പ്രതിനിധികളായി ചടങ്ങിൽ സംബന്ധിച്ചു. അൽ അഹ്‌ലിയ യൂണിവേഴ്സിറ്റി പ്രതിനിധി ഗൗരി ശങ്കർ, ക്രോണോസ് സീനിയർ ഉദ്യോഗസ്ഥൻ ശക്തിവേൽ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് നൽകി.
ധർമ്മപുരി, മധുരൈ, തിരുനെൽവേലി, കന്യാകുമാരി, ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്. തങ്ങളുടെ ജീവിതത്തിലെ ആദ്യ വിമാനയാത്രയാണിതെന്നും കുടുംബത്തിലെ ആദ്യ ബിരുദധാരികളാണ് തങ്ങളെന്നും പല വിദ്യാർത്ഥികളും വേദിയിൽ വികാരാധീനരായി പങ്കുവെച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ ‘വിദ്യാഭ്യാസത്തിൽ മികച്ച തമിഴ്‌നാട്’ എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതാണ് ഈ പദ്ധതിയെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.
ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി നാഗൂർ അബ്ദുൽ ഖയ്യൂം സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി മേളയുടെ ചീഫ് കോർഡിനേറ്റർ രമേഷ് രംഗനാഥനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഭാരതി ഭാരതി അസോസിയേഷൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. കൾച്ചറൽ സെക്രട്ടറി ഹൻസൽ ഗനി നന്ദി പറഞ്ഞു. സൗദി മുത്തമിഴ് സംഘം പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർ.ജെ. രതിയായിരുന്നു പരിപാടിയുടെ അവതാരകൻ.









