മനാമ: 2023 മുതല്‍ 2025 വരെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയ ബഹ്റൈനികളല്ലാത്തവരില്‍ നിന്നും ചികിത്സാ ചിലവായി ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചത് 3.98 മില്യണ്‍ ദിനാറിലധികം ഫീസ്. മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യമുള്ളത്. എംപി മഹ്‌മൂദ് ഫര്‍ദാന്റെ ചോദ്യത്തിന് മറുപടിയായാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
2023 ജനുവരി മുതല്‍ 2025 ഒക്ടോബര്‍ വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയ ബഹ്റൈന്‍ ഇതര രോഗികളില്‍ നിന്ന് 3,518,787 ദിനാര്‍ ഫീസായി ഈടാക്കിയതായി മന്ത്രാലയം അറിയിച്ചു. 2023 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയ ബഹ്റൈന്‍ ഇതര സന്ദര്‍ശകരില്‍ നിന്ന് 469,201 ദിനാര്‍ ഫീസായി ലഭിച്ചു. ആകെ 3,987,988 ദിനാര്‍ ആണ് ഈ കാലയളവില്‍ മന്ത്രാലയത്തിന് ലഭിച്ചത്.
343,262 ലധികം ബഹ്റൈന്‍ ഇതര രോഗികള്‍ ഫീസ് ഇളവ് പരിധിക്ക് പുറത്തായിരുന്നു എന്ന് മന്ത്രാലയം അറിയിച്ചു. മൂന്ന് വര്‍ഷക്കാലം 276,234 പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ക്ലിനിക്കുകളിലും അത്യാഹിത വിഭാഗങ്ങളിലും ചികിത്സതേടി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 67,028 പേരുടെ സന്ദര്‍ശനം രേഖപ്പെടുത്തി. 47,105 ബഹ്റൈന്‍ ഇതര രോഗികള്‍ കിടത്തി ചികിത്സ നേടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആരോഗ്യ സേവന ഫീസുകളില്‍ നിന്ന് ആകെ 258,765 കേസുകള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. ഇതില്‍ 45,951 കേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും 212,814 കേസുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് രജിസ്റ്റര്‍ ചെയ്തത്.









