മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തിയ എട്ടു പേര്‍ അറസ്റ്റില്‍. കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ കൈവശം വെക്കല്‍, തീയതികളില്‍ മാറ്റം വരുത്തി വില്‍പന നടത്തല്‍, വിതരണം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇവരെ പിടികൂടിയത്. ഇവരുടെ പ്രായവും ദേശീയതയും വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനിയുടെ വെയര്‍ഹൗസും അനുബന്ധ റീട്ടെയില്‍ ഔട്ട്ലെറ്റുകളും അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നോര്‍ത്തേണ്‍ ഹമദ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
ഹമാലയിലുള്ള വെയര്‍ഹൗസില്‍ കമ്പനി കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു ഏഷ്യന്‍ പൗരനാണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്.









