വാഷിംഗ്ടൺ ഡി.സി: ഗസ്സയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരം വാഷിംഗ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ (Board of Peace) പ്രഥമ യോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പങ്കെടുത്തു. വിവിധ രാജ്യത്തലവന്മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളിൽ നിർണ്ണായക ചുവടുവെപ്പായി.
ഗസ്സയിലെ സാഹചര്യം സങ്കീർണ്ണമാണെന്നും സമാധാനം കൈവരിക്കാൻ ആത്മാർത്ഥമായ കൂട്ടായ പരിശ്രമവും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ട്രംപ് പറഞ്ഞു. യുദ്ധത്തേക്കാൾ ലാഭകരമാണ് സമാധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗസ്സയുടെ പുനർനിർമ്മാണത്തിനായി വലിയൊരു സാമ്പത്തിക പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു.
ബോർഡ് ഓഫ് പീസിന്റെ സ്ഥാപക അംഗമായി ബഹ്‌റൈൻ പങ്കുചേരുന്നതിൽ അഭിമാനമുണ്ടെന്ന് കിംഗ് ഹമദ് പ്രസംഗത്തിൽ പറഞ്ഞു. ഗസ്സയിലെ ജനങ്ങൾക്ക് പുതിയ പ്രതീക്ഷയും അവസരങ്ങളും നൽകാൻ ഈ സംരംഭം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗസ്സയിലെ ഗവൺമെന്റ് ഡിജിറ്റൽ സർവീസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ബഹ്‌റൈൻ വാഗ്ദാനം ചെയ്തു. പരസ്പര ബഹുമാനത്തിലൂന്നിയ സമാധാനപരമായ സഹവർത്തിത്വമാണ് ബഹ്‌റൈന്റെ നയമെന്നും, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന ലക്ഷ്യത്തിന് ബഹ്‌റൈൻ എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









