മനാമ: കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മാർഗനിർദ്ദേശം നൽകുന്നതിനും മുൻഗണന നൽകി പ്രവർത്തിക്കുന്ന ‘സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം’ (SGF) അംഗങ്ങൾക്കായി കുടുംബ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇത്തരത്തിലുള്ള കൂട്ടായ്മകൾ സമൂഹത്തിൽ പരസ്പര ധാരണയും വിശ്വാസവും വളർത്താൻ ഉപകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ഫോറം ചെയർമാൻ വ്യക്തമാക്കി. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും നന്മകൾ നേരുകയും ചെയ്തു.
വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കൾ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു. KCA പ്രസിഡന്റ് ജയിംസ് ജോൺ, കെഎംസിസി ഉപാധ്യക്ഷൻ ഗഫൂർ കൈപ്പമംഗലം, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, ലൈറ്റ് ഓഫ് കൈൻഡ്‌നെസ് മുഖ്യസാരഥി സായിദ് ഹനീഫ് എന്നിവർ പങ്കെടുത്തു. കൂടാതെ ബാബു കുഞ്ഞിരാമൻ, റിച്ചാർഡ് കൊന്നക്കൽ, മൊയ്തു, വിൻസെന്റ് ജോസഫ്, ബബീന, റജീന ഇസ്മായിൽ, ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകൻ പി. വിജയകുമാർ, എഡ്യൂപാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ ചുള്ളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അഞ്ചു വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായി എഡ്യൂപാർക്കുമായി സഹകരിച്ച് ഈദ് അവധി ദിവസങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡ്രോയിങ് കോമ്പറ്റീഷനും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 51 പേരടങ്ങുന്ന വിപുലമായ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.









