മനാമ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രവാസി വനിതാ കൂട്ടായ്മയായ ‘വിമൻ എക്രോസ്സ്’ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ബസാർ വിജയകരമായി സമാപിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.എ ഹാളിലാണ് പരിപാടി നടന്നത്.
അർഹരായ നിരവധി വ്യക്തികൾക്ക് ആവശ്യമായ ആഹാരം, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ബസാറിലൂടെ സൗജന്യമായി ലഭ്യമാക്കി. സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ സംരംഭം നൽകിയത്.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ബസാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ആവശ്യക്കാരെ ചേർത്തുപിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാനവിക മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും വലിയ കരുത്തേകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് ഹനീഫ് (Light of Kindness), രഘു പ്രകാശ് (WMC ചെയർമാൻ), ബാബു തങ്കളത്തിൽ (WMC പ്രസിഡന്റ്), എബ്രഹാം സാമുവൽ (WMC അഡ്വൈസറി ബോർഡ് ചെയർമാൻ), ഫസൽ (BKSF) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.
വിമൻ എക്രോസ്സ് ടീമിന്റെ ചിട്ടയായ പ്രവർത്തനവും കൂട്ടായ്മയുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് സ്ഥാപക സുമിത്ര പ്രവീൺ പറഞ്ഞു. സഹകരിച്ച എല്ലാവർക്കും സിമി അശോക് നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സമാനമായ ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.









