മനാമ: ബഹ്റൈനില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു. 57 മൈക്രോണില്‍ താഴെ കട്ടിയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിര്‍മ്മാണം, ഇറക്കുമതി, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. നിരോധനം സംബന്ധിച്ച നിയമം വ്യവസായ വാണിജ്യ മന്ത്രി വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫക്രോ പ്രഖ്യാപിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ പരിസ്ഥിതി സൗഹൃദ രീതികളിലേക്ക് മാറുന്നതിനുമുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിയമം. 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെയും നിയമം പിന്തുണയ്ക്കുന്നു.
പ്ലാസ്റ്റിക് വസ്തുക്കള്‍ അടങ്ങിയ 57 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകള്‍ക്കും നിരോധനം ബാധകമാണ്. കടകളില്‍ നിന്നും സൗജന്യമായി നല്‍കുന്നതോ പ്രത്യേകം വില്‍ക്കുന്നതോ ആയ ഷോപ്പിംഗ്, ട്രാന്‍സ്പോര്‍ട്ട് ബാഗുകളും (ഹാന്‍ഡിലുകള്‍ ഉള്ളതും ഇല്ലാത്തതും) നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.
ഗാര്‍ഹിക മാലിന്യ സഞ്ചികള്‍, അപകടകരമായ മെഡിക്കല്‍ മാലിന്യം നിക്ഷേപിക്കുന്ന സഞ്ചികള്‍, ഭക്ഷണ, മരുന്ന് പാക്കേജിംഗ് ബാഗുകള്‍, കയറ്റുമതിക്കായി തയ്യാറാക്കിയ ബാഗുകള്‍ എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തീരുമാനം നടപ്പാക്കുന്നത് അധികാരികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പുതിയ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പരിശോധിക്കും. കടകള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാര്‍ക്കറ്റ് പരിശോധനകളും നടത്തും. പുതിയ നിയമം മനസ്സിലാക്കുന്നതിനും അവ ശരിയായി പ്രയോഗിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങളെ സഹായിക്കാനായി അറബിയിലും ഇംഗ്ലീഷിലും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കും.
അതേസമയം, നിലവിലുള്ള സ്റ്റോക്ക് നീക്കം ചെയ്യുന്നതിനും പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യാപാരികള്‍ക്ക് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.









