small icons
small icons

വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള പ്രാവുകള്‍ ജീവന് ഭീഷണി; കേണല്‍ ഡോ. ഒസാമ ബഹര്‍

New Project (39)

മനാമ: വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രാവുകളെ വളര്‍ത്തുന്നതോ തീറ്റ നല്‍കുന്നതോ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഡോ. ഒസാമ ബഹര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അല്‍ അമന്‍’ പരിപാടിയില്‍ സംസാരിക്കവെയാണ് ഈ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

2024 ഡിസംബറില്‍ ദക്ഷിണ കൊറിയയിലുണ്ടായ ദാരുണമായ ഒരു അപകടം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഒരു കൂട്ടം പക്ഷികളുമായി വിമാനം കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് അന്ന് 179 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

‘നിങ്ങള്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം പ്രാവുകളെ വളര്‍ത്തുകയോ അവയെ പറത്തിവിടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഉടന്‍ നിര്‍ത്തണം. മനുഷ്യജീവന് വലിയ വിലയുണ്ട്. പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് പുണ്യപ്രവൃത്തിയായി തോന്നാമെങ്കിലും അത്തരം പ്രവൃത്തികള്‍ മനുഷ്യജീവന്‍ അപകടത്തിലാക്കും” അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് നന്മ ചെയ്യണമെന്നുണ്ടെങ്കില്‍, വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്റൈന്‍ വിമാനത്താവളത്തിന് സമീപം ഏകദേശം ആയിരത്തോളം പ്രാവുകളുണ്ടെന്ന് കേണല്‍ ബഹര്‍ ചൂണ്ടിക്കാട്ടി. ‘150 അടിയില്‍ താഴെ താഴ്ന്നു പറക്കുന്ന പക്ഷിക്കൂട്ടങ്ങളില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴോ ലാന്‍ഡിംഗ് നടത്തുമ്പോഴോ ഇടിക്കാന്‍ സാധ്യതയുണ്ട്. ലോകമെമ്പാടും പക്ഷി കൂട്ടിയിടികള്‍ മൂലം പ്രതിവര്‍ഷം 100 കോടി മുതല്‍ 150 കോടി ഡോളര്‍ വരെ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്. കൂടാതെ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു ജീവന്‍ രക്ഷിക്കുന്നത് ലോകത്തെ മുഴുവന്‍ രക്ഷിക്കുന്നതിന് തുല്യമാണ്’, അദ്ദേഹം പറഞ്ഞു.

‘പൊതുസ്ഥലങ്ങളിലോ ശ്മശാനങ്ങളിലോ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ പുനര്‍ചിന്തനം ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മൃഗങ്ങളോടുള്ള സ്‌നേഹം ഒരിക്കലും മനുഷ്യജീവനുകള്‍ക്ക് ഭീഷണിയാകരുത്. യാത്രക്കാരുടെയും പൈലറ്റുമാരുടെയും സുരക്ഷ ഉറപ്പാക്കുന്നത് സുരക്ഷിതവും ഉത്തരവാദിത്തവുമുള്ള രാജ്യമെന്ന നിലയില്‍ ബഹ്റൈന്റെ യശസ്സ് ഉയര്‍ത്തും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!