മനാമ: ബഹ്റൈനിലെ പ്രമുഖ ഇന്ത്യൻ പ്രവാസി സംഘടനയായ ഐ.സി.ആർ.എഫ് തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസ്കറിലെ അൽ ഇസ് കോൺട്രാക്ടിംഗ് കമ്പനിയിലെ ഇരുന്നൂറ്റമ്പതിലധികം തൊഴിലാളികൾക്കാണ് വ്യാഴാഴ്ച ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
റമദാൻ മാസത്തിലെ പങ്കുവെക്കലിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഐ.സി.ആർ.എഫ് ഈ പരിപാടി നടത്തിയത്. പ്രവാസി സമൂഹത്തിനിടയിൽ ഐക്യവും സാഹോദര്യവും വളർത്തുന്നതിന് ഇത്തരം സംഗമങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ തൊഴിൽ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഐ.സി.ആർ.എഫ് പദ്ധതിയിടുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.









