മനാമ: അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് ട്രിവാൻഡ്രം – ബഹ്‌റൈൻ ഫോറം (VOT) സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരം “ഭാഷാഘോഷം – സീസൺ 1” ശ്രദ്ധേയമായി. ഫെബ്രുവരി 21-ന് നടന്ന മത്സരത്തിൽ പ്രവാസലോകത്തെ നിരവധി പേർ ആവേശപൂർവ്വം പങ്കെടുത്തു.
മാതൃഭാഷയുടെ മഹത്വം പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് പുതിയ തലമുറയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലയാള ഭാഷയുടെ ചരിത്രം, സാഹിത്യം, സംസ്കാരം എന്നിവയെ ആസ്പദമാക്കിയുള്ളതായിരുന്നു ചോദ്യങ്ങൾ. വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ളവർക്കായി നടത്തിയ മത്സരം അറിവും വിനോദവും പകരുന്ന ഒന്നായി മാറി.
പരിപാടിയുടെ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ VOT പ്രസിഡന്റ് സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി വിനീഷ് ശിവദാസൻ എന്നിവർ എല്ലാ മത്സരാർത്ഥികളെയും അഭിനന്ദിച്ചു. VOT വൈസ് പ്രസിഡന്റും മീഡിയ സെൽ കൺവീനറുമായ ആനന്ദ് വേണുഗോപാൽ നായർ മത്സരത്തിന്റെ രൂപകല്പനയും ഏകോപനവും നിർവഹിച്ചു. ഭാഷാസ്നേഹവും അറിവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വൈവിധ്യമാർന്ന പരിപാടികൾ വരും വർഷങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.









