മനാമ: ബഹ്‌റൈനിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം സൽമാനിയ വാട്ടർ ഗാർഡനിൽ നടന്നു. മുപ്പതോളം പേർ പങ്കെടുത്ത ഈ ഒത്തുചേരൽ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ വേറിട്ടൊരു അനുഭവമായി മാറി.
റാഫി തൃശൂരിന്റെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ റഹിം, ഷെറീന ഖാലിദ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൂട്ടായ്മയിലെ വനിതാ അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങൾ ഇഫ്താർ സദ്യയ്ക്ക് മാറ്റുകൂട്ടി. റമദാനിലെ വ്രതശുദ്ധിയിൽ സ്നേഹവും സൗഹൃദവും പങ്കുവെക്കാൻ സാധിച്ച ഈ ഒത്തുചേരൽ ഏറെ ആവേശത്തോടെയാണ് അംഗങ്ങൾ ഏറ്റെടുത്തത്.









